നാടന്‍ വിനോദങ്ങള്‍ : നാടിന്‍െറ സംസ്കാരവും ജീവിതരീതികളുമായി
ബന്ധമുള്ളവയാണ് നാടന്‍ വിനോദങ്ങള്‍. സാംസ്കാരിക ജീവിതവുമായി നാടന്‍
വിനോദങ്ങള്‍ക്ക് പ്രത്യക്ഷമായിത്തന്നെ ബന്ധമുണ്ട്. മാനസികാഹ്ളാദവും
ഉണര്‍വും പ്രദാനം ചെയ്യുന്നവയാണ് നാടന്‍ വിനോദങ്ങള്‍. അതിനൊപ്പം
ചെറുപ്രായത്തില്‍ ബുദ്ധിപരമായ വികാസവും നല്‍കും. നാടന്‍ വിനോദങ്ങളില്‍
കൗശലവിനോദങ്ങളും സാഹസികവിനോദങ്ങളും അന്വേഷണവിനോദങ്ങളുമൊക്കെയുണ്ട്.
നമ്മുടെ നാട്ടില്‍ മാത്രം നിലനില്‍ക്കുന്ന കളികളെ നാം നാടന്‍ കളികള്‍ അഥവാ
നാടന്‍ വിനോദങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ
നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്നതുപോലെ അത് തെക്കന്‍
ജില്ലകളില്‍പെട്ട നാട്ടിന്‍പുറങ്ങളിലും നിലനില്‍ക്കുന്നുണ്ടാവാം. അവിടെ ആ
വിനോദം മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക. ആട്ടക്കളിയെന്ന്
തലപ്പന്തുകളിക്ക് ചിലേടങ്ങളില്‍ പറയാറുണ്ട്.
ഒളിച്ചുകളിക്ക് ചിലേടങ്ങളില്‍ ‘
അമ്പാസാറ്റ്’ കളിയെന്നാണ് പേര്.
ആണ്‍കുട്ടികളുടെ ഒരുതരം എറിഞ്ഞുകളിക്ക് ചില പ്രദേശങ്ങളില്‍ ‘
ഡപ്പോ’
കളിയെന്നാണ് പറയുന്നത്. ഇങ്ങനെ നാടന്‍കളികളുടെ ലോകം വളരെ വിപുലമാണ്.
എന്നിരുന്നാലും, കളികളുടെ സ്ഥാനം മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടര്‍
ഗെയിമുകളിലേക്ക് മാറിപ്പോയിരിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ
കുട്ടികള്‍ക്കുപോലും പല നാടന്‍ വിനോദങ്ങളെപ്പറ്റിയും കേട്ടുകേള്‍വി
മാത്രമേയുള്ളൂ. ഈ ലക്കത്തില്‍ മലയാളത്തിന്‍െറ മനംകവര്‍ന്ന പഴയ
നാടന്‍കളികളെപ്പറ്റി വായിക്കാം.
കക്ക് കളി
‘കക്ക് കളി’യും പ്രാചീന വിനോദം തന്നെ. ‘കക്ക്’ എന്നത്
മണ്‍കലത്തിന്‍െറ പൊട്ടിപ്പോയ കഷണമാണ്. നിലത്ത് ഒരു
ദീര്‍ഘചതുരം വരക്കും. ഇതിന് എട്ടു കള്ളികളുണ്ടായിരിക്കും. ഒരു
കുട്ടി ഒരു മീറ്റര്‍ ദൂരെനിന്ന് കക്ക് എടുത്ത് കളത്തിലെ ഒന്നാം
കള്ളിയിലേക്ക് എറിയും. പിന്നീട് എറിഞ്ഞ സ്ഥലത്തുനിന്ന്
ഒറ്റക്കാലില്‍ കക്കിന്‍െറ മുകളിലേക്ക് ചാടി, കക്ക് അടുത്ത
കള്ളിയിലേക്ക് തട്ടും. അവിടെനിന്ന് അടുത്ത കള്ളിയിലേക്ക്
ഒറ്റക്കാലില്‍ ചാടും. എട്ടു കള്ളികളിലും ഇങ്ങനെ ചാടിയ ശേഷം
കക്ക് കളത്തിന് പുറത്തേക്ക് തട്ടിത്തെറിപ്പിച്ച് അതിന് മീതേക്ക്
ചാടും. പിന്നെ കക്ക് രണ്ടാം കള്ളിയിലിട്ട് കളി തുടരും.
വീണ്ടും മുമ്പേ പോലെ, ഒറ്റക്കാലില്‍ എട്ടു കളങ്ങള്‍ ചാടും. പിന്നെ
കക്ക് കൈയില്‍ പിടിച്ച് എട്ടു കളങ്ങളും ഒറ്റക്കാലില്‍ ചാടണം. അതിന്
ശേഷം കക്ക് പുറംകൈയില്‍ വെച്ച് വീണുപോവാതെ എട്ടു കള്ളികള്‍ ചാടണം.
അതിനുശേഷം കൈയുടെ മുഷ്ടിയില്‍ കക്കുവെച്ച് ഒറ്റക്കാലില്‍ കള്ളികളിലൂടെ
ചാടണം. പിന്നെ പുറംകാലില്‍വെച്ചും കണ്‍പുരികത്തില്‍ വെച്ചും തലയില്‍
വെച്ചും ചാടും. ഒടുവില്‍ കക്ക് എടുത്ത് കളി ആരംഭിച്ച സ്ഥലത്ത്
തിരിഞ്ഞുനിന്ന് കക്ക് പിറകുവശത്തേക്ക് എറിയും. കക്ക് ഒന്നാം കള്ളിയിലോ
എട്ടാം കള്ളിയിലോ വീഴാം. കക്ക് വീണ ആ കളത്തില്‍ ഒരു അടയാളം വെക്കും. കളി
തുടരുമ്പോള്‍ ആ കുട്ടിക്ക് ആ കളത്തില്‍ മാത്രം രണ്ടുകാലില്‍ നില്‍ക്കാന്‍
അനുവാദമുണ്ട്.
ചെമ്പഴുക്കാ
കേരളത്തിന്‍െറ തെക്കന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഒരു പ്രാചീന
വിനോദമാണ് ചെമ്പഴുക്കാ . ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ഈ
വിനോദത്തില്‍ പങ്കെടുക്കാറുണ്ട്.
സ്ത്രീകളും ചെമ്പഴുക്കാ കളിയില്‍ ഏര്‍പ്പെട്ടുവരുന്നു. വട്ടത്തിലിരിക്കുന്ന
കുട്ടികള്‍ക്കിടയില്‍ മധ്യത്തിലായി കണ്ണുകെട്ടി ഒരു കുട്ടിയെ ഇരുത്തും.
മധ്യത്തിലുള്ള കുട്ടി കാണാതെ ഒരു അടക്കയോ മറ്റോ മറ്റുള്ളവര്‍
കൈമാറിക്കൊണ്ടിരിക്കും. ഈ അടക്ക ആരുടെ കൈവശമാണെന്ന് മധ്യത്തില്‍
ഇരിക്കുന്ന കുട്ടി തൊട്ടുകാണിക്കണം. അങ്ങനെ തൊട്ടുകാണിച്ചാല്‍ അയാള്‍
കണ്‍കെട്ടി മധ്യഭാഗത്ത് ചെന്നിരിക്കേണ്ടിവരും.
ഇതിനായി ഉപയോഗിച്ചിരുന്ന പാട്ട് ഇന്ന് നാടന്‍ പാട്ടുകളുടെ ഗണത്തിലെ ശ്രദ്ധേയമായ പാട്ടാണ്.
‘അക്കയ്യിലിക്കയ്യിലേ
മാണിക്യ ചെമ്പഴുക്ക
തൊട്ടതറിയാതേം
മാണിക്യചെമ്പഴുക്ക
ഓടുന്നോടുന്നുണ്ടേ
മാണിക്യചെമ്പഴുക്ക
എന്‍േറയിടം കൈയിലോ
മാണിക്യചെമ്പഴുക്ക
എന്‍െറ വലംകൈയിലോ
മാണിക്യചെമ്പഴുക്ക
ഒന്നു വലത്തുവച്ചേ
മാണിക്യചെമ്പഴുക്ക!
പമ്പരം
പമ്പരം ഇന്നത്തെ കുട്ടികളില്‍ പലരും കണ്ടിരിക്കാനിടയില്ല. എന്നാല്‍,
ഒരുകാലത്ത് ഈ വസ്തു കുട്ടികളുടെ ഇടയില്‍ ഹരമായിരുന്നു. ‘പമ്പരം പോലെ
കറങ്ങുക’ എന്ന പ്രയോഗംപോലും ഇതില്‍നിന്നുണ്ടായതാണ്. മരം ഉപയോഗിച്ച്
നിര്‍മിക്കുന്ന കളിപ്പാട്ടമാണ് പമ്പരം. അടിഭാഗം കൂര്‍ത്ത ഒരു
പേരക്കയെപ്പോലെയാണ് ഈ മരക്കഷണം. അടിഭാഗത്ത് ഒരു ഇരുമ്പാണി
ഘടിപ്പിച്ചിരിക്കും. ഒരു ചരടില്‍ചുറ്റി വേഗത്തില്‍ നിലത്തേക്കെറിയുന്നതോടെ
പമ്പരം കറക്കം തുടങ്ങും. വട്ടപ്പമ്പരം എന്നതരം പമ്പരത്തില്‍ ചരട്
ഉപയോഗിക്കാറില്ല. ഇത്തരം പമ്പരത്തിന്‍െറ മുകള്‍ഭാഗത്താണ് ആണി
അടിച്ചിരിക്കുക. ഇത് പിടിച്ചാണ് പമ്പരം കറക്കുക. ഏറുപമ്പരമെന്നാണ്
ചരടുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പരത്തിന് പേര്.
കബഡി അഥവാ ‘കവിടി’
കുട്ടികളുടെ പ്രാചീന വിനോദം. ഇന്നത്തെ കബഡിയുടെ പ്രാചീന രൂപമാണ്
കുട്ടികളുടെ കവിടി. ഇതിന് കടകടകുടുകുടു, കുക്കടു എന്നിങ്ങനെയൊക്കെ
പേരുണ്ട്. ഒരു വലിയ വൃത്തവും കുറച്ചകലെ ഒരു ചെറിയവൃത്തവും വരച്ച്
കുട്ടികള്‍ രണ്ട് സംഘമായി ഓരോ വൃത്തത്തിലായി നിലകൊള്ളും. അതായത് വലിയ
വൃത്തത്തിനുള്ളില്‍ ഒരു ടീമിലെ കുട്ടികള്‍ മുഴുവന്‍ നില്‍ക്കും.
ചെറുവൃത്തത്തില്‍ എതിര്‍ ടീമിലെ ഒരു കുട്ടിയും മറ്റുള്ള അംഗങ്ങള്‍
വൃത്തത്തിന് പുറത്തും നില്‍ക്കും. വലിയ വൃത്തത്തിലെ കുട്ടികളിലൊരാള്‍
പുറത്തുകടന്ന് ചെറിയ വൃത്തത്തെ വലംവെച്ച് വരും. ഇതിനിടെ ‘കവിടി കവിടി’
എന്ന് ശ്വാസംവിടാതെ പറയണം. ശ്വാസംവിട്ടാല്‍ ആ കളിക്കാരന്‍ പുറത്താകും.
വൃത്തത്തെ ചുറ്റിവരുമ്പോള്‍ അവന്‍ എതിര്‍ ടീം അംഗങ്ങളെ തൊടാന്‍
ശ്രമിക്കും. തൊട്ടാല്‍ ആ അംഗം ഉള്‍പ്പെട്ട ടീം തോല്‍ക്കും. പിന്നെ വലിയ
വൃത്തത്തില്‍ നിന്നും മറ്റൊരു കുട്ടി ഈ പരിപാടി തുടരും.
കാക്കാപ്പീലി
കേരളത്തിന്‍െറ വടക്കന്‍ ജില്ലകളില്‍ പ്രചാരം നേടിയ ഒരു വിനോദമാണ്
കാക്കാപ്പീലി. ഇതിലും കുട്ടികള്‍ രണ്ട് സംഘങ്ങളായിത്തിരിയും. മധ്യത്തില്‍
ഒരു വര വരച്ച് കുട്ടികള്‍ ഇരുഭാഗങ്ങളിലായി നില്‍ക്കും. ഒരു ഗ്രൂപ്പിലെ
കുട്ടികളിലാരെങ്കിലും ‘കാക്കാപ്പീലി കോഴിപ്പീലി’ എന്നു പറഞ്ഞ് എതിര്‍
സംഘാംഗങ്ങളെ തൊടാന്‍ നോക്കും. ഏതെങ്കിലും കുട്ടിയെ തൊട്ടാല്‍ ആ കുട്ടി
എതിര്‍ ടീമിലേക്ക് പോകേണ്ടിവരും. എന്നാല്‍, ചിലപ്പോള്‍ തൊടാന്‍ ശ്രമിച്ച
കുട്ടിയെ എതിര്‍ ടീം പിടികൂടുകയും ചെയ്യും. അങ്ങനെയായാല്‍ അവന്‍
എതിര്‍ടീമിലാകും. ഇരുഭാഗത്ത് ഏത് സംഘത്തിലാണോ കുട്ടികളുടെ എണ്ണം കൂടിയത് ആ
സംഘം വിജയിച്ചതായി പ്രഖ്യാപിക്കും.
ഒളിച്ചുകളി

കുട്ടികളുടെ പഴയകാല ഇഷ്ടവിനോദങ്ങളിലൊന്നാണ് കണ്ണുപൊത്തി ഒളിച്ചുകളി.
‘അമ്പാസാറ്റ് കളി’ എന്ന പേരുമുണ്ട്. രണ്ട് പക്ഷമായിട്ടാണ് കുട്ടികള്‍ ഈ
കളിയിലും പങ്കെടുക്കുക. ഒരു കുട്ടി മാത്രമുള്ളതായിരിക്കും ഒരു ഭാഗം. ആ
കുട്ടി ഒന്നു മുതല്‍ പത്തു വരെയോ ഇരുപത്തഞ്ചു വരെയോ, അമ്പതുവരെയോ
എണ്ണും. ഒരു മരത്തിനോ ചുവരിനോ അഭിമുഖമായി കണ്ണുപൊത്തി നിന്നാണ് എണ്ണുക.
അതിനിടെ മറ്റു കുട്ടികള്‍ ഓടിപ്പോയി എവിടെയെങ്കിലും ഒളിച്ചിരിക്കും.
എണ്ണുന്ന കുട്ടി എണ്ണല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മറ്റ് കുട്ടികളെ
അന്വേഷിക്കും. അന്വേഷിക്കുന്നതിനിടെ എണ്ണാന്‍ അഭിമുഖമായിനിന്ന മരം അഥവാ
ചുമരിനരികിലേക്ക് കുട്ടി ശ്രദ്ധിക്കുകയും വേണം. കാരണം ഒളിച്ചിരിക്കുന്ന
കുട്ടികളിലാരെങ്കിലും ഓടിവന്ന് മരത്തിലോ ചുമരിലോ തൊട്ടാല്‍ കുട്ടി
കളിയില്‍ തോല്‍ക്കും. ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിച്ച് ഓടിവന്ന്
മരത്തില്‍/ചുമരില്‍ തൊട്ടാലാണ് കുട്ടി വിജയിക്കുക. ഇങ്ങനെ
ഒളിച്ചിരിക്കുന്നവരെയൊക്കെ കണ്ടെത്തേണ്ടത് കുട്ടിയുടെ കര്‍ത്തവ്യമാണ്.
കുട്ടിയും കോലും
പ്രാചീനവും ഏറെ ശ്രദ്ധേയവുമായ ഒരു നാടന്‍ വിനോദമാണ് കുട്ടിയും കോലും. ഒരു
ചെറിയ മരക്കമ്പാണ് ‘കുട്ടി’. ‘കോല്’ ഒരു വലിയ വടിയാണ്. ‘കുട്ടി’ എന്ന
ചെറു മരക്കമ്പ് ഒരു കുഴിയുടെ മുകളില്‍ വെക്കും. കളിക്കാരിലൊരാള്‍ നീളന്‍
വടി (കോല്) കൊണ്ട് ‘കുട്ടി’യെ ദൂരേക്ക് തെറിപ്പിക്കും. ‘കുട്ടി’
നിലത്തുവീഴാതെ കളിക്കാരിലാരെങ്കിലും പിടിച്ചാല്‍ ‘കുട്ടി’യെ
തെറിപ്പിച്ചവന്‍ പുറത്താവും. ‘കുട്ടി’ കൈവശമെത്തിയ ആള്‍ ‘കുട്ടി’യെ
വടിയുടെ നേര്‍ക്കെറിയും. വടിയില്‍ ഏറുകൊണ്ടാല്‍ എറിഞ്ഞയാള്‍ വടിവാങ്ങി
കളിക്കാന്‍ തുടങ്ങും. അടിച്ചുതെറിപ്പിച്ചപ്പോള്‍ ‘കുട്ടി’ എന്ന കമ്പ്
ചെന്നുവീണ സ്ഥലത്തേക്കുള്ള ദൂരം വടികൊണ്ടളക്കുകയും ശേഷം എതിര്‍ ടീമിന്‍െറ
അഭിപ്രായപ്രകാരം ‘കുട്ടി’ മുകളിലേക്കെറിഞ്ഞ് അടിച്ചുതെറിപ്പിക്കും. നമ്മുടെ
ക്രിക്കറ്റിനോട് ആശയപരമായി ഈ കളിക്ക് ബന്ധമുണ്ട്.
തൊപ്പിക്കളി
കുട്ടികളും പ്രായമായവരും ഏര്‍പ്പെടുന്ന വിനോദമാണ് തൊപ്പിക്കളി. ഈ കളിക്ക്
രണ്ടുപേര്‍ മതി. മൂന്നു കരുക്കള്‍ ഓരോരുത്തരുടെയും കൈവശം കാണും.
കരുക്കള്‍ക്കായി കല്ലുകളോ മഞ്ചാടിക്കുരുവോ ഒക്കെ ഉപയോഗിക്കാം.
സമചതുരക്കളം വരച്ച് അതില്‍ വരകള്‍ വരക്കും. ഇങ്ങനെ വരക്കുന്ന വരകള്‍
കൂട്ടിമുട്ടുന്ന ഒമ്പത് സ്ഥാനങ്ങളുണ്ടാവും. കരുക്കള്‍ ഈ ഒമ്പത്
സ്ഥാനങ്ങളില്‍ ഓരോന്നായി വെക്കാന്‍ തുടങ്ങും. കരുക്കള്‍ വെച്ചശേഷം അവ
ഓരോന്നായി നീക്കാന്‍ തുടങ്ങും. കരുക്കളെ കോണോടുകോണ്‍ വരുത്താന്‍
കഴിയുന്ന ആളാണ് വിജയി. തോല്‍ക്കുന്നതിന് ‘തൊപ്പിയിടുക’ എന്നാണ് പേര്.
‘തോറ്റ് തൊപ്പിയിടുക’ എന്ന പ്രയോഗം ഇതില്‍ നിന്നുണ്ടായതാവാനേ തരമുള്ളൂ.
എന്നാല്‍, കളിയില്‍ തൊപ്പിയൊന്നും ഉപയോഗിക്കാറില്ല കേട്ടോ!
ഉറുമ്പുകളി അഥവാ ‘ഇട്ടുംപ്രാച്ചി’
അഞ്ചാറ് കുട്ടികള്‍ ചേര്‍ന്നാണ് ഈ വിനോദം. കുട്ടികള്‍ ഒരിടത്ത്
വട്ടംചേര്‍ന്നിരുന്നാണ് കളി. ഒരാളുടെ കമിഴ്ത്തിവെച്ച കൈയുടെ മുകളില്‍
മറ്റൊരാള്‍ നുള്ളിപ്പിടിക്കുകയും അതിനു മുകളില്‍ മറ്റൊരാള്‍ എന്നിങ്ങനെ
പിടിച്ച് പാട്ടുപാടി ഒരുമിച്ച് വട്ടത്തില്‍ ചലിപ്പിക്കും. അതിനൊപ്പം
വായ്ത്താരി (പാട്ട്) ഉണ്ടാവും. ‘ഉറുമ്പോ...ഉറുമ്പോ...’ എന്നിങ്ങനെയുള്ള
ഒരു നാടന്‍ പാട്ടാണ് പാടുക. പാടുന്നതിനിടെ ഒരു കുട്ടി ചോദ്യങ്ങള്‍
ചോദിക്കുകയും മറ്റ് കുട്ടികള്‍ മറുപടി നല്‍കുകയും ചെയ്യും.
‘ഇട്ടുംപ്രാച്ചി’ എന്ന് പറയുന്നതുവരെ ഇത് തുടരും.
കല്ലുകളി
നാട്ടിന്‍പുറങ്ങളില്‍ ‘കൊത്തങ്കല്ലുകളി’ എന്നാണ് ഇതിന് പേര്. ചില
സ്ഥലങ്ങളില്‍ ചൊക്കന്‍ കളിയെന്നും പേരുണ്ട്. പെണ്‍കുട്ടികളാണ് പ്രധാനമായും
ഈ കളിയില്‍ പങ്കെടുക്കുക. കുറച്ച് കല്ലുകള്‍ എടുത്ത് ഒരു കുട്ടി
മുകളിലേക്കിട്ട് പുറം കൈകാണിച്ച് പിടിച്ചെടുക്കാന്‍ നോക്കും. എന്നിട്ട്
അതില്‍നിന്ന് ഒരെണ്ണം നിലനിര്‍ത്തി ബാക്കിയുള്ളവ നിലത്തേക്കിടും. ഈ കല്ല്
വിരലിനിടയില്‍ നിലനിര്‍ത്തികൊണ്ട് നിലത്തുള്ള കല്ലുകള്‍ ഓരോന്നായി
‘കൊത്തി’യാടും. വിരലിലെ കല്ല് നിലത്തുപോയാല്‍ കളിയില്‍ തോല്‍ക്കും.
എല്ലാ കല്ലുകളും ഇങ്ങനെ കൊത്തിയെടുക്കാനായാല്‍ ആ കല്ല് കളിക്കാരിക്ക്
എടുക്കാം. ഒരു ടീമില്‍ ഇങ്ങനെ ഏറ്റവും കൂടുതല്‍ കല്ല് കിട്ടുന്ന കുട്ടി
വിജയിക്കും.
ഗോലി അഥവാ രാശി
‘വട്ടുകളി’ എന്ന് നാട്ടിന്‍പുറത്തെ കുട്ടികള്‍ക്കിടയില്‍ പ്രശസ്തമായിരുന്ന
ഒരു വിനോദം. ഗോലികളി, രാശികളി എന്നൊക്കെയാണ് മറ്റ് പേരുകള്‍. ഒരു ചെറിയ
കുഴി നിര്‍മിക്കുകയും കുറച്ച് അകലെ വരച്ചവരയില്‍നിന്ന് വട്ട് ഒരു പ്രത്യേക
രീതിയില്‍ വിരല്‍ കൊണ്ടടിച്ച് കുഴിയില്‍ വീഴിക്കുന്നു. ആരുടെ വട്ടാണോ
ആദ്യം കുഴിയില്‍ വീഴുന്നത് അയാള്‍ക്ക് മറ്റുള്ളവരുടെ വട്ടുകള്‍ (ഗോലികള്‍)
തെറിപ്പിക്കാം. തോറ്റാല്‍ തോല്‍ക്കുന്ന കുട്ടി കുഴിയുടെ പിറകുഭാഗത്ത്
മുഷ്ടി ചുരുട്ടി വെക്കും. മറ്റുള്ളവര്‍ അടിച്ചുവിടുന്ന ഗോലികള്‍
വന്നുകൊള്ളുന്നത് അവന്‍െറ കൈയിലായിരിക്കും.
താരം കളി
രണ്ടു കുട്ടികളാണ് ഈ കളിയിലെ പ്രധാന കളിക്കാര്‍. ഒരു കുട്ടി തന്‍െറ കൈയില്‍
ഒരു ചെറിയ കല്ലോ, നാണയമോ വെച്ചു കുലുക്കുകയും അതിനുശേഷം തന്‍െറ
ചുരുട്ടിയ കൈ നീട്ടിക്കാണിച്ച് നാണയമോ കല്ലോ ഏത് കൈയിലാണെന്ന്
പ്രവചിക്കാന്‍ മറ്റേ കുട്ടിയോട് പറയുകയും ചെയ്യും. കുട്ടി പറഞ്ഞത്
തെറ്റിപ്പോയാല്‍ കളിയില്‍ പറഞ്ഞ കുട്ടി തോല്‍ക്കും. ഏത് കൈയിലാണ്
വസ്തുവെന്ന് രണ്ടാമത്തെ കുട്ടി പ്രവചിക്കുന്നതുവരെ ആദ്യത്തെ കുട്ടിക്ക്
കളിയില്‍ പങ്കെടുക്കാം. വായ്ത്താരി ഈ കളിക്കുമുണ്ട്. ‘അക്കാ, പുക്കാ,
ചിമ്മന്‍, കണ്ണി, എത്തേ, കൈമ, താരോ, പീരോ’ എന്നിങ്ങനെയാണ് വായ്ത്താരി.
ഈര്‍ക്കില്‍ കളി
പ്രാചീനകാലത്ത് ഏറെ പ്രചാരത്തിലിരുന്ന വിനോദമാണ് ഈര്‍ക്കില്‍ കളി. പത്ത്
ചെറിയ ഈര്‍ക്കിലുകളും ഒരു വലിയ ഈര്‍ക്കിലുമാണ് ഈ കളിക്കാവശ്യം. ചെറിയ
ഈര്‍ക്കിലിന്‍െറ നീളം ആറ് ഇഞ്ചോളമാണ്. ഈര്‍ക്കില്‍ ഒന്നിച്ചെടുത്ത് ഉള്ളം
കൈയിലിട്ട് തിരിച്ച് നിലത്തേക്കിടും. നിലത്തുവീഴുമ്പോള്‍ നീളന്‍
ഈര്‍ക്കിലിന് മുകളില്‍ ചെറിയ ഈര്‍ക്കില്‍ വീണാല്‍ കളി തുടരും. നിലത്തുവീണ
ഈര്‍ക്കിലുകളില്‍നിന്ന് ചെറിയവ ഓരോന്നായി എടുക്കും. ഇങ്ങനെ
എടുക്കുമ്പോള്‍ എടുക്കുന്ന ഈര്‍ക്കിലല്ലാതെ മറ്റൊന്ന് അനങ്ങിയാലും കളി
തീരും. ഇങ്ങനെ മറ്റ് ഈര്‍ക്കില്‍ അനങ്ങാതെ കൂടുതല്‍ ഈര്‍ക്കില്‍
സമ്പാദിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും.
കുഴിപ്പന്ത്
കുഴിപ്പന്തുകളി ചിലയിടങ്ങളില്‍ കാരകളിയെന്നാണ് അറിയപ്പെടുന്നത്.
ആണ്‍കുട്ടികളാണ് ഇതില്‍ പങ്കെടുക്കുക. പങ്കെടുക്കുന്ന കുട്ടികളുടെ
എണ്ണത്തിനനുസരിച്ച് അത്രയും കുഴികള്‍ കുഴിക്കും. ഇതില്‍ ഓരോ കുഴിയുടെയും
അവകാശികളായി ഓരോ കുട്ടികളുണ്ടാവും. കുട്ടികളിലാരെങ്കിലും ഒരു പന്തെടുത്ത്
കുഴികളുടെ നേരെ ഉരുട്ടും. ഉരുട്ടുന്ന കുട്ടിയുടെ കുഴിയില്‍ തന്നെയാണ് പന്ത്
ചെന്ന് വീഴുന്നതെങ്കില്‍ അവന്‍ പന്ത് എടുത്ത് മറ്റു കുട്ടികളെ എറിയും.
എന്നാല്‍, മറ്റൊരു കുട്ടിയുടെ കുഴിയിലാണ് പന്ത് ചെന്ന് വീഴുന്നതെങ്കില്‍ ആ
കുഴി ആരുടേതാണോ അയാള്‍ക്ക് പന്തെടുത്ത് പന്ത് ഉരുട്ടിയ കുട്ടിയെ എറിയാം.
രസകരമാണ് ഈ കളി.
നരിയും പശുവും
കുട്ടികളുടെ മറ്റൊരു വിനോദമാണ് നരിയും പശുവും കളി. വൃത്താകൃതിയില്‍
കൈകോര്‍ത്ത് നില്‍ക്കുന്ന കുട്ടികള്‍ക്ക് മധ്യത്തില്‍ ഒരു കുട്ടി
നില്‍ക്കുകയും (പശു) വലയത്തിന് പുറത്ത് മറ്റൊരു കുട്ടി (നരി)
നില്‍ക്കുകയും ചെയ്യും. വൃത്താകൃതിയില്‍ കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന
കുട്ടികളുടെ കൈകള്‍ വിടുവിച്ച് ഉള്ളില്‍ കയറാന്‍ പുറത്തുനില്‍ക്കുന്ന
കുട്ടി ശ്രമിച്ചുകൊണ്ടിരിക്കും. ഇടക്ക് ‘നരി’ ബന്ധം വിച്ഛേദിച്ച്
അകത്തുകയറും. അന്നേരം ‘പശു’വിനെ കുട്ടികള്‍ പുറത്താക്കും. ‘നരി’
അകത്തുകയറിയാല്‍ പിന്നെ ബലം പ്രയോഗിച്ച് കുട്ടികളുടെ കൈകോര്‍ക്കലുകള്‍
വിച്ഛേദിച്ചേ ‘നരി’ക്ക് പുറത്തുകടക്കാനാവൂ. നരി ‘ഇത് എന്ത് കെട്ട്?’ എന്ന്
ചോദിക്കുമ്പോള്‍ കുട്ടികള്‍ ‘ഇത് ഇരുമ്പ് കെട്ട്’, ചെമ്പ് കെട്ട്’
എന്നൊക്കെ പറഞ്ഞ് ബന്ധം വിടുവിക്കാതെ നില്‍ക്കും. എന്നാല്‍, ‘നരി’
ബലപ്രയോഗത്തിലൂടെ ബന്ധം വേര്‍പ്പെടുത്തി പുറത്തിറങ്ങും. കൈവിട്ട് ‘നരി’യെ
പുറത്തുകടത്തിയ കുട്ടികളാണ് അടുത്ത കളിയില്‍ നരിയും പശുവും ആകേണ്ടത്.
തൂപ്പുവെച്ചുകളി
പെണ്‍കുട്ടികളാണ് തൂപ്പുവെച്ചു കളിയില്‍ സംഘംചേരുക. കളിക്കുന്നിടത്ത് വലിയ
വൃത്തംവരക്കും. വരച്ചവരയില്‍ കുട്ടികള്‍ വൃത്താകൃതിയില്‍ ഇരിക്കും. മുഖം
കുനിച്ച് മുഖം കൈകൊണ്ട് പൊത്തിയാണ് ഇരിക്കുക. ഇക്കൂട്ടത്തില്‍ ഒരു കുട്ടി
തൂപ്പ് (മരത്തിന്‍െറ ചെറു ചില്ലകളാണ് തൂപ്പ്) എടുത്ത് ഒളിച്ചുപിടിച്ച്
കുട്ടികളുടെ ചുറ്റും നടക്കും. നടത്തത്തിനിടെ ആ തൂപ്പ് ഇരിക്കുന്ന
ഏതെങ്കിലും ഒരു കുട്ടിയുടെ പിന്നില്‍ കൊണ്ടുവെക്കും. കുട്ടി വീണ്ടും
ചുറ്റിവരുമ്പോഴേക്കും ആരുടെ പിന്നിലാണ് തൂപ്പ് വെച്ചതെന്ന് അവരവര്‍
കണ്ടുപിടിക്കണം. അല്ലാത്തപക്ഷം തൂപ്പുകൊണ്ട് അവളെ അടിക്കും. എന്നാല്‍,
അതിന് മുമ്പേ കുട്ടി തൂപ്പ് കണ്ടുപിടിച്ചുവെന്നിരിക്കട്ടെ. തൂപ്പുമെടുത്ത്
അവള്‍ മറ്റുള്ളവരുടെ പിന്നിലൂടെ നടക്കുകയും മറ്റൊരു കുട്ടിയുടെ പിന്നില്‍
അവളറിയാതെ തൂപ്പ് ഇടുകയും വേണം. ആ കുട്ടിയും തൂപ്പ് തന്‍െറ
പിന്നിലുണ്ടെന്ന് കണ്ടെത്തണം. അല്ലെങ്കില്‍ ആ തൂപ്പുകൊണ്ട് തല്ല്
അവള്‍ക്ക് കിട്ടും.
പ്രിയ വിനോദങ്ങള്‍
കുട്ടികളുടെ തൊട്ടുകളിയായ ‘ചൂകളി’ കുട്ടികള്‍ രണ്ട് സംഘമായി പിരിഞ്ഞുള്ള
തൊട്ടുകളിയാണ്. അതുപോലെ ചരടുപിന്നിക്കളി, ചെണ്ടടിച്ചുകളി എന്ന
പന്തടിച്ചുകളി, പെണ്‍കുട്ടികളുടെ കമ്പ് കളിയായ പുഞ്ചകളി, മലബാറില്‍
പ്രചാരത്തിലുണ്ടായിരുന്ന നായയും പുലിയും കളി, കുട്ടികളുടെ ഇലയൂതിക്കളി,
ആണ്‍കുട്ടികളുടെ വിനോദമായ അച്ചുകളി, പെണ്‍കുട്ടികളുടെ അമ്മാനക്കളി, ഏണിയും
പാമ്പും, ചിക്കുകളി, കലം പൊട്ടിക്കല്‍ കളി, പെണ്‍കുട്ടികളുടെ വിനോദമായ
ഒന്നാം തല്ലിപാറ്റിക്കളി, കണ്ണുചിമ്മിക്കളി, പട്ടം പറമ്പിക്കല്‍, കടംകഥ
പറയല്‍, പദപൂരണം, ‘തൊങ്കല്‍’ എന്ന വടക്കന്‍ കേരളത്തില്‍ അറിയപ്പെടുന്ന
നൊണ്ടിക്കളി, തപ്പാണി, ദായക്കളി, നിരകളി, തവളച്ചാട്ടം, പെണ്‍കുട്ടികളുടെ
കുതിര-ചു കളി, കുടുകുടുകളി, കുഞ്ഞിക്കളി, കാറകളി, കാരകളി, പെണ്‍കുട്ടികളുടെ
കയറുകളി, അമ്മാനക്കളി എന്നിങ്ങനെ ധാരാളം കുട്ടി വിനോദങ്ങള്‍ ഒരുകാലത്ത്
പ്രചാരത്തിലുണ്ടായിരുന്നു.