എന്തിലും നന്മ കാണുക | ഈ കൊറോണ കാലത്തിലും



ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഉപദേശകനായ ബീര്‍ബലും കൂടി കാട്ടില്‍ നായാട്ടിനുപോയി. നായാട്ടിനിടയില്‍ അക്ബറിന്റെ ഒരു കൈവിരലിനു സാരമായ പരിക്കേറ്റു. വേദനകൊണ്ടു പുളഞ്ഞ അക്ബറിന്റെ കൈവിരലിലെ മുറിവ് ബീര്‍ബല്‍ പച്ചമരുന്നുകൊണ്ടു വച്ചുകെട്ടി.

മരുന്നു വച്ചുകെട്ടുന്നതിനിടയില്‍ ബീര്‍ബല്‍, ചക്രവര്‍ത്തിയുടെ മുഖത്തു നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ''മഹാരാജന്‍, നമുക്കു സംഭവിക്കുന്നതെല്ലാം നമ്മുടെ നന്മയ്ക്കാണെന്ന് നമുക്ക് അത്രവേഗം അറിയാനാവില്ല.

വേദനകൊണ്ടു വിഷമിച്ച അക്ബറിന് ബീര്‍ബലിന്റെ ഉപദേശം അത്ര രസിച്ചില്ല. എന്നുമാത്രമല്ല, അക്ബറിനു ബീര്‍ബലിനോടു കടുത്ത ദേഷ്യവും തോന്നി. ആ ദേഷ്യത്തിന്റെ ഫലമായി ബീര്‍ബലിനെ അടുത്തുകണ്ട ഒരു പൊട്ടക്കിണറ്റിലേക്ക് അക്ബര്‍ തള്ളിയിടുകയും ചെയ്തു.

അതിനുശേഷം അക്ബര്‍ തനിയെ കാട്ടിലൂടെ മുന്നോട്ടുപോയി. അധികം താമസിയാതെ ഒരുസംഘം കാട്ടുജാതിക്കാര്‍ അക്ബറിനെ തടവിലാക്കി അവരുടെ തലവന്റെ സന്നിധിയില്‍ ഹാജരാക്കി.

നരബലി നടത്തിയിരുന്ന കാട്ടുജാതിക്കാരായിരുന്നു അവര്‍. അക്ബറിനെ തങ്ങളുടെ സമീപമെത്തിച്ചതു തങ്ങളുടെ ദൈവംതന്നെയാണെന്നു കരുതി അവര്‍ അദ്ദേഹത്തെ വധിക്കാനൊരുങ്ങി. അക്ബറിനെ വധിച്ച് ബലിയര്‍പ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ പുരോഹിതന്‍ അദ്ദേഹത്തെ പരിശോധിച്ചു.

അപ്പോള്‍ അക്ബറിന്റെ കൈവിരലിലെ മുറിവു വച്ചുകെട്ടിയത് പുരോഹിതന്റെ ശ്രദ്ധയില്‍പ്പെട്ടു. കാട്ടുജാതിക്കാരുടെ നിയമമനുസരിച്ച് പൂര്‍ണ ആരോഗ്യവാനായ മനുഷ്യനെമാത്രമേ അവര്‍ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നുള്ളൂ. തന്മൂലം അക്ബര്‍ നരബലിക്ക് പറ്റിയ ആളല്ലെന്നു മനസിലാക്കി അവര്‍ അദ്ദേഹത്തെ വെറുതേവിട്ടു.

കാട്ടുജാതിക്കാരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ സാധിച്ചത് തന്റെ കൈവിരലിലെ മുറിവു മൂലമാണല്ലോ എന്ന് ഓര്‍മിച്ചപ്പോള്‍, ബീര്‍ബല്‍ മുമ്പു പറഞ്ഞത് എത്രയോ ശരിയാണെന്ന് അക്ബറിനു തോന്നി. താന്‍ ബീര്‍ബലിനോടു ചെയ്തത് വലിയ അപരാധമായിപ്പോയി എന്നദ്ദേഹം മനസിലാക്കി.

പശ്ചാത്താപമുള്ള ഹൃദയത്തോടെ അക്ബര്‍ ബീര്‍ബലിന്റെ അരികിലേക്ക് ഓടി. ബീര്‍ബല്‍ അപ്പോഴും പഴയ പൊട്ടക്കിണറ്റില്‍ത്തന്നെയായിരുന്നു. അക്ബര്‍ താന്‍ ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചുകൊണ്ട് ബീര്‍ബലിനെ പൊട്ടക്കിണറ്റില്‍നിന്നു രക്ഷപ്പെടുത്തി.

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ബീര്‍ബല്‍ പറഞ്ഞു: ''അങ്ങ് എന്നോടു മാപ്പപേക്ഷിക്കേണ്ട ഒരു കാര്യവുമില്ല. എന്തെന്നാല്‍, അങ്ങ് എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. നേരേ മറിച്ച് അങ്ങ് എന്റെ ജീവന്‍ രക്ഷിക്കുകയാണു ചെയ്തത്.

ബീര്‍ബലിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അക്ബര്‍ അന്തംവിട്ടു നിന്നു. അപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: ''അങ്ങ് എന്നെ പൊട്ടക്കിണറ്റില്‍ എറിയാതിരിക്കുകയും ഞാന്‍ അങ്ങയുടെ കൂടെ യാത്രചെയ്യുകയും ചെയ്തിരുന്നെങ്കില്‍ എന്നെ ആ കാട്ടുജാതിക്കാര്‍ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നു. നോക്കൂ, ഞാന്‍ മുമ്പു പറഞ്ഞതു ശരിയല്ലേ? നമുക്കു സംഭവിക്കുന്നവയെല്ലാം നമ്മുടെ നന്മയ്ക്കാണോ നമ്മുടെ തിന്മയ്ക്കാണോ എന്ന് അത്രവേഗം നമുക്ക് അറിയാന്‍ സാധിക്കുന്നുണേ്ടാ?


അക്ബറിന്റെ കൈവിരലിലെ മുറിവ് തിന്മയായിട്ടാണ് അക്ബര്‍ ആദ്യം കണ്ടത്. എന്നാല്‍, ആ മുറിവ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു.